മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍ ദുരന്തബാധിതര്‍ക്ക് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ എട്ട് വീടുകളുടെ കൂദാശയും താക്കോല്‍ദാനവും നടത്തി.
മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്ചാലില്നിന്ന് രണ്ട് കിലോമീറ്റര്‍ മാറി മൂന്നര എക്കര്‍ സ്ഥലത്താണ് എട്ട് വീടുകള്‍ നിര്‍മിച്ചത്. ഭവനങ്ങളുടെ കൂദാശാകര്‍മം സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് വടുവന്‍ചാല്‍ മാര്‍ത്തോമ്മ പാരിഷ് ഹാളില്‍ പൊതുസമ്മേളനം നടന്നു. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സഭ കുന്നംകുളം-മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോല്‍ദാനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. ദുരന്തമുണ്ടായപ്പോള്‍ സമയോചിത ഇടപെടല്‍ നടത്തിയ സഭാസ്ഥാപനമായ നടവയല്‍ നെയ്ക്കുപ്പ മുക്തി ലഹരിമോചന കേന്ദ്രത്തെയും വടുവന്‍ചാല്‍ മാര്‍ത്തോമ്മ ഇടവകയെയും മെമന്റോ നല്കി ആദരിച്ചു.
സഭാ സെക്രട്ടറി എബി ടി. മാമ്മന്‍, ട്രസ്റ്റി അന്‍സില്‍ കോമാട്ട്, ഭദ്രാസന സെക്രട്ടറി സജു ബി. ജോണ്‍, ഭദ്രാസന ട്രസ്റ്റി ജീമോന്‍ മണലുകാലായില്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍, പൊതുപ്രവര്ത്തകന് യഹിയാഖാന്‍ തലയ്ക്കല്‍, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പ്രസംഗിച്ചു.